അഹാന കൃഷ്‌ണയുടെ ‘മീ മൈസെൽഫ് & ഐ’; ആദ്യ എപ്പിസോഡ് റിലീസ് ചെയ്‌തു

August 26, 2022

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‌ണ. രാജീവ് രവി സംവിധാനം ചെയ്‌ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിക്ക് വലിയ ആരാധക വൃന്ദമാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോൾ അഹാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മീ മൈസെൽഫ് & ഐ’ എന്ന വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്‌തിരിക്കുകയാണ്. ‘സ്‌പോയിലർ അലെർട്’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ എപ്പിസോഡാണ് യൂട്യൂബിൽ റിലീസ് ചെയ്‌തിരിക്കുന്നത്‌. അഭിലാഷ് സുധീഷാണ് വെബ് സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. അഹാന കൃഷ്ണയെ കൂടാതെ, മീര നായർ, കാർത്തി വിഎസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ വെബ് സീരീസിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. “അഹാന കൃഷ്ണയ്ക്കും ‘മീ മൈസെൽഫ് & ഐ’ വെബ് സീരീസിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും !! ഒഫീഷ്യൽ ട്രെയ്ലർ ഇതാ!’ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘മാ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ നടത്തുന്ന മാളവിക എന്ന യുവതിയെയാണ് അഹാന കൃഷ്ണ വെബ്‌സീരിസിൽ അവതരിപ്പിക്കുന്നത്.

Read More: ജഗതിക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി; ഒപ്പം പുസ്‌തക പ്രകാശനവും-വിഡിയോ

നിമിഷ് രവിയാണ് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ. അതുൽ കൃഷ്ണനാണ് എഡിറ്റർ. സംഗീതം ധീരജ് സുകുമാരനും സൗണ്ട് ഡിസൈൻ നിവേദ് മോഹൻദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കലാവിഭാഗത്തിന്റെ ചുമതല നന്ദു ഗോപാലകൃഷ്ണനും അരുൺ കൃഷ്ണയുമാണ്.

Story Highlights: Ahaana krishna webseries first episode released