‘നിങ്ങൾ സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കാനാവട്ടെ..’- ഹൃദയംതൊടുന്ന പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ
ഒട്ടേറെ സിനിമകളുടെ വിജയത്തിളക്കത്തിലാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരമായ തിളക്കത്തിലാണ് ഫഹദ് ഫാസിൽ തന്റെ നാൽപതാം ജന്മദിനം ആഘോഷിക്കുന്നത്. ഇപ്പോഴിതാ, സിനിമയിൽ ഫഹദിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ദുൽഖർ സൽമാൻ, നടനായി പങ്കുവെച്ച പിറന്നാൾ ആശംസ ശ്രദ്ധനേടുകയാണ്.
“പ്രിയപ്പെട്ട ഷാനുവിന്.. നിനക്ക് ജന്മദിനാശംസകൾ നേരുന്നു. !! ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ, നിനക്കും നച്ചുവിനും കൂടുതൽ യാത്രകളും ഓർമ്മകളും… നിങ്ങൾ സ്വപ്നം കാണുന്നതെല്ലാം നേരുന്നു !!”- ദുൽഖർ കുറിക്കുന്നു. ദുൽഖർ സൽമാൻ, ഭാര്യ അമൽ സൂഫിയ, നസ്രിയ, ഫഹദ് ഫാസിൽ എന്നിവരൊന്നിച്ചുള്ള ചിത്രവും ദുൽഖർ സൽമാൻ പങ്കുവെച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ മുമ്പ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഫീൽ ഗുഡ് ചിത്രമായ ‘ബാംഗ്ലൂർ ഡേയ്സി’ൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുകയും ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
അതേസമയം, സജിമോൻ പ്രഭാകർ ഒരുക്കിയ ‘മലയൻകുഞ്ഞ്’ എന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ നടന്റേതായി പുരോഗമിക്കുന്നുണ്ട്.
Story highlights- Dulquer Salmaan pens a birthday wish for Fahadh