ക്വിറ്റ് ഇന്ത്യ സമര വാർഷികത്തിൽ റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്ന് ഗാന്ധി പ്രതിമ

August 9, 2022

മഹാന്മാരോടുള്ള ആദര സൂചകമായി അവരുടെ പ്രതിമകൾ അനാച്ഛാദനം ചെയ്യുന്നത് നിത്യ സംഭവമാണ്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിലും ഓർമ്മ ദിവസങ്ങളിലും പലപ്പോഴും പ്രശസ്‌തരായ ആളുകളുടെ പ്രതിമകൾ നാടിന് സമർപ്പിക്കാറുണ്ട്. ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഒരു പ്രതിമയുടെ അനാച്ഛാദനമാണ് വാർത്തകളിൽ നിറയുന്നത്.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 80-ാം വാർഷികമായ ഇന്ന് യുപിയിലെ നോയിഡയിലാണ് മഹാത്മാവിന്റെ പ്രതിമ നാടിന് സമർപ്പിച്ചത്. എന്നാൽ പൂർണമായും റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്നാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 20 അടി ഉയരമുള്ള പ്രതിമ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മയ്ക്ക് കൂടിയാണ് നാടിനായി സമർപ്പിക്കപ്പെട്ടത്.

മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്‌നം കൂടിയായിരുന്നു വൃത്തിയുള്ള ഇന്ത്യ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളോടുള്ള ആദരവ് കൂടിയാണ് ഈ പ്രതിമ നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. എച്ച്സിഎല്ലുമായി സഹകരിച്ച് നോയിഡ സർക്കാരാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. നഗരം വൃത്തിയായും ശുചിത്വത്തോടെയും സൂക്ഷിക്കാൻ ആളുകളെ ബോധവാന്മാരാക്കുക എന്നൊരു ഉദ്ദേശം കൂടി ഗാന്ധിയുടെ പ്രതിമയുടെ നിർമ്മാണത്തിൽ ഉണ്ട്. നഗരസഭ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് ജൂലൈ 1 ന് നിരോധിച്ചിരുന്നു.

Read More: നൂറുവർഷം മുൻപ് രണ്ടാം വയസിൽ മരണമടഞ്ഞു; ഇന്നും കേടുപാടുകളില്ലാതെ ശരീരം; ഇത് ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി- വിഡിയോ

അതേ സമയം ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് ഒഡീഷയിലെ പൂരി ബീച്ചിൽ ഒരുങ്ങിയ ഒരു മണൽ ശിൽപം ഈയടുത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. ഒഡീഷയിലെ മണൽ കലാകാരനായ സുദർശൻ പട്‌നായിക്കാണ് ദ്രൗപതി മുർമുവിന്റെ മണൽശിൽപം ഒരുക്കി അഭിനന്ദനം അറിയിച്ചത്. ഒഡീഷയിലെ പുരി ബീച്ചിലാണ് ‘ഇന്ത്യയിലെ ജനങ്ങളുടെ പ്രസിഡന്റിന് അഭിനന്ദനങ്ങൾ’ എന്ന സന്ദേശമുള്ള സാൻഡ് ആർട്ട് നിർമ്മിക്കപ്പെട്ടത്.

Story Highlights: Gandhi statue from recycled plastic