ഇത് ദംഗൽ 2.0; രാജ്യത്തിന് അഭിമാനമായി ഗുസ്‌തിയിലെ ഇരട്ട സ്വർണ്ണം, സാക്ഷി മാലിക്കിനും ബജ്‌റംഗ് പൂനിയയ്ക്കും വലിയ കൈയടി

August 6, 2022

രാജ്യത്തിന് മുഴുവൻ അഭിമാനകരമായ നേട്ടമാണ് ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‌തി ഗോദയിൽ ഉണ്ടായത്. ഇരട്ട സ്വർണ്ണമാണ് ഇന്ത്യ ഇന്നലെ ഗോദയിൽ നിന്ന് നേടിയത്. ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും നേടിയ സ്വർണ്ണം ഇനി ഇന്ത്യൻ കായിക ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെടുന്ന അധ്യായമാവും.

ബജ്‌റംഗ് പൂനിയ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയപ്പോൾ വനിതകളുടെ 62 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്‌തിയിലാണ് സാക്ഷി വിജയം കൊയ്‌തത്. കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെ മലർത്തിയടിച്ചാണ് ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ ബജ്‌റംഗ് പൂനിയ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ്ണം കൊയ്‌തത്. താരത്തിന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2014 ൽ വെള്ളി നേടിയ താരം 2018 ൽ സ്വർണ്ണം നേടിയിരുന്നു.

റിയോ ഒളിമ്പിക്‌സിലെ ഗുസ്‌തി ഗോദയിൽ നിന്ന് വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്ക് കാനഡയുടെ അന്ന ഗോജിനെസിനെ തോൽപ്പിച്ചാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ്ണം നേടിയിരിക്കുന്നത്.

അതേസമയം ഗുസ്‌തിയിൽ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം. നൈജീരിയയുടെ ഫൊലസാഡേ അഡെകുറോറോയോട് 7-3നാണ് അന്‍ഷുവിന്റെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിനെ പരാജയപ്പെടുത്തിയ അന്‍ഷു, സെമിയില്‍ ശ്രീലങ്കയുടെ നേത്മി പൊറുതോട്ടഗയെ പരാജയപ്പെടുത്തി. 2021 ലെ ഓസ്ലോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് അന്‍ഷു മാലിക്.

Read More: കേരളത്തിന്റെ ‘ശ്രീ’; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച് ലോംഗ് ജംപ് താരം ശ്രീശങ്കർ

മെഡൽ കൊയ്ത്തിനെ കഴിഞ്ഞ കാലങ്ങളിൽ ഏറെ സഹായിച്ച ഷൂട്ടിങ് മത്സരങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഭാരോദ്വഹനത്തിലൂടെയും ഗുസ്‌തിയിലൂടെയും മറികടക്കുകയാണ് ഇന്ത്യ. ബോക്‌സിംഗിലും വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.

Story Highlights: India won double gold in wrestling