കപ്പേള തെലുങ്കിൽ എത്തുമ്പോൾ ‘ബുട്ട ബൊമ്മ’- നായികയായി അനിഖ സുരേന്ദ്രൻ

മലയാള സിനിമാ ലോകത്ത് ചർച്ചയായ ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. ശക്തമായ തിരക്കഥയും അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രം തെലുങ്കിൽ റിലീസിന് ഒരുങ്ങുകയാണ്. അന്ന ബെൻ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ തെലുങ്കിൽ അനിഖ സുരേന്ദ്രനാണ് അവതരിപ്പിക്കുന്നത്. ബുട്ട ബൊമ്മ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അതേസമയം,ചിത്രം തമിഴിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങളിലും ഇടംനേടിയ സിനിമയാണ് കപ്പേള. മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് കപ്പേള ഇടംനേടിയിരുന്നത്.
വിഷ്ണു വേണുവാണ് ‘കപ്പേള’യുടെ നിര്‍മാണം. ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന് ശ്യാം ആണ്. മുഹമ്മദ് മുസ്തഫയ്ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമിക്കുന്നത് കഥാസ് അണ്‍ടോള്‍ഡ് ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. തന്വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Story highlights- kappela telugu remake first look poster