ദേവദൂതർക്ക് ലൈവായി ചുവട് വെച്ച് കുഞ്ചാക്കോ ബോബൻ; ഏറ്റെടുത്ത് ആരാധകർ

August 8, 2022

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഗാനമാണ് കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനം. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്.

ഇപ്പോൾ ലൈവായി ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ് താരം. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ തിരുവനന്തപുരം ലുലു മാളിൽ എത്തിയിരുന്നു. അവിടെ വെച്ചാണ് ചാക്കോച്ചൻ ഹിറ്റായ തന്റെ ചുവടുകൾ വീണ്ടും വേദിയിൽ കാഴ്ച്ചവെച്ചത്. ആരാധകരെ ഇളക്കി മറിച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

ചിത്രത്തിലെ ഡാൻസിനെ പറ്റി താരം നേരത്തെ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു.

നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

Read More: മലയാളത്തില്‍ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരുങ്ങുന്നു…

അതേ സമയം എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെക്കുറിച്ചുള്ള രസകരമായ ഒരു പത്ര വാർത്തയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Story Highlights: Kunchakko boban live devadoothar dance