ആര്യയ്‌ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും; ശ്രേയ ഘോഷാലിന്റെ മാന്ത്രിക ശബ്ദത്തിൽ ‘ക്യാപ്റ്റൻ’ സിനിമയിലെ ഗാനം

August 11, 2022

ടെഡി, ടിക് ടിക് ടിക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശക്തി സൗന്ദർ രാജന്റെ വരാനിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ. തിങ്ക് സ്റ്റുഡിയോയുടെ സഹകരണത്തോടെ ദി ഷോ പീപ്പിൾസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ആര്യയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിമ്രാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പുറമെ, കാവ്യ ഷെട്ടി, ത്യാഗരാജൻ, ഹരീഷ് ഉത്തമൻ, ഗോകുൽ, ഭരത് രാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ശ്രേയ ഘോഷാലും യാസിൻ നിസാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ആര്യ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകൻ ഡി. ഇമ്മാനുമായി ശക്തി സൗന്ദർ രാജൻ ഒന്നിക്കുന്ന നാലാം ചിത്രമാണ് ക്യാപ്റ്റൻ. നടനും രാഷ്ട്രീയ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കി. സെപ്റ്റംബർ എട്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read Also: ‘റിലീസ് ദിവസം ഞാൻ കരഞ്ഞുപോയി’; ഹൃദ്യമായ കുറിപ്പുമായി ദുൽഖർ സൽമാൻ

അതേസമയം, കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി 2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘കാണെകാണെ’ എന്ന ചിത്രത്തിലാണ്.

Story highlights- Kylaa Lyric Video