വയനാട്ടിലെ കാടിന്റെ മക്കൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി

August 31, 2022

ഓണക്കാലമെത്തി. പൂക്കളവും ഓണക്കോടിയുമൊക്കെ കേരളമാകെ സജീവമായിക്കഴിഞ്ഞു. ഓണാഘോഷത്തിന് വേറിട്ടൊരു തുടക്കമിട്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴി വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് നടൻ ഓണക്കോടി സമ്മാനിച്ചു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ചിലെ കാരക്കണ്ടി കോളനിയിലെ 15 കുടുംബങ്ങളിലെ 77 ഓളം പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.

 പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചത്.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights- Mammootty gifts Onakkodi to the underprivileged in Wayanad