നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടി-രഞ്‌ജിത്‌ കൂട്ടുകെട്ട്; കൈകോർക്കുന്നത് നെറ്റ്ഫ്ലിക്സിനായി

August 9, 2022

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മമ്മൂട്ടി-രഞ്‌ജിത്ത്‌. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ മലയാളത്തിന് ലഭിച്ചത് മറക്കാനാവാത്ത സിനിമകളാണ്. പുത്തൻപണം എന്ന ചിത്രത്തിന് ശേഷം ഒരിടവേള എടുത്തിരിക്കുകയായിരുന്നു ഈ ഹിറ്റ് കൂട്ടുക്കെട്ട്. ഇപ്പോൾ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുകയാണ്.

എന്നാൽ ഒരു മുഴുനീള ചിത്രത്തിനായല്ല ഇരുവരും ഒരുമിക്കുന്നത്. എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രങ്ങളിൽ ഒന്ന് ഇപ്പോൾ രഞ്‌ജിത്താണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോൾ രഞ്‌ജിത്‌ സംവിധാനം ചെയ്യുന്നത് എന്നാണ് സൂചന. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ വാർത്ത ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അതേ സമയം ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമായാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരാണ് എംടിയുടെ കഥകൾ ചിത്രങ്ങളാക്കുന്നത്. ഇതിൽ പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് ‘ഓളവും തീരവും.’ പി.എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.

Read More: “തിയേറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുന്നു..”; നടൻ ബിബിൻ ജോർജിന്റെ ഹൃദ്യമായ കുറിപ്പ്

എംടിയുടെ പത്ത് കഥകളാണ് ചെറു സിനിമകളാകുന്നത്. ‘ഓളവും തീരവും’ കൂടാതെ മറ്റൊരു ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

Story Highlights: Mammootty ranjith movie