വ്യത്യസ്‍തമായ ചിത്രങ്ങളുമായി മണിക്കുട്ടൻ; വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട്-വിഡിയോ

August 13, 2022

സമൂഹമാധ്യമങ്ങളിൽ സിനിമ താരങ്ങളുടെ വാർത്തകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമാവാറുണ്ട്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ താരങ്ങളെ പിന്തുടരുന്നത്. അതിനാൽ തന്നെ താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്.

ഇപ്പോൾ നടൻ മണിക്കുട്ടന്റെ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന് മുൻപും സിനിമ-സീരിയൽ താരങ്ങളുടെ ഫോട്ടോഷൂട്ടുകളൊക്കെ വലിയ രീതിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. എന്നാൽ മണിക്കുട്ടന്റെ ചിത്രങ്ങൾ വൈറലാവുന്നത് മറ്റൊരു കാരണം കൊണ്ട് കൂടിയാണ്.

ഒരു പെരുമ്പാമ്പിനൊപ്പമാണ് മണിക്കുട്ടൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ ഒരു നടൻ പെരുമ്പാമ്പിനൊപ്പം ഫോട്ടോഷൂട്ട് നടത്തുന്നത്. ഗിരീഷ് അമ്പാടി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. നേരത്തെ അനന്ത പത്മനാഭൻ എന്ന ആനയെ മോഡലാക്കി ഫോട്ടോഷൂട്ട് നടത്തി വൈറലായ ഫോട്ടോഗ്രാഫറാണ് ഗിരീഷ് അമ്പാടി.

ഇലിയാന എന്നാണ് വൈറൽ ഫോട്ടോഷൂട്ടിലെ താരമായ പാമ്പിന്റെ പേര്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഷാജി എന്നയാളുടെ വളർത്തു മൃഗമാണ് ഇലിയാന. മലയാളത്തിലും തമിഴിലും പല സിനിമകളിലും ഇലിയാന അഭിനയിച്ചിട്ടുണ്ട്.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പാമ്പിനെ അതും പെരുമ്പാമ്പിനെ കൈ കൊണ്ട് തൊടുന്നതെന്നും അത് കൊണ്ട് തന്നെ ഫോട്ടോഷൂട്ട് വളരെ വ്യത്യസ്‌തമായ ഒരനുഭവം ആയിരുന്നുവെന്നുമാണ് മണിക്കുട്ടൻ പറയുന്നത്. സുഹൃത്തായ ഗിരീഷിന്റെ തന്നെ ആശയമായിരുന്നു ഈ ഫോട്ടോഷൂട്ടെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

Read More: ഹർ ഘർ തിരംഗയുടെ ഭാഗമായി മോഹൻലാലും; വീട്ടിൽ ദേശീയ പതാക ഉയർത്തി താരം

“മറ്റു മൃഗങ്ങളെ പോലെ അല്ല പാമ്പ്. അത് നമ്മളോട് ഇണങ്ങാൻ സമയമെടുക്കും. ഓരോ ആളുകളുടെയും ബോഡി ടെമ്പറേച്ചർ അതിന് പരിചയമാവണം, എന്നാൽ മാത്രമേ അത് നമ്മളോട് ഇണങ്ങുകയുള്ളൂ. ഈയൊരു ഫോട്ടോഷൂട്ടിന് വേണ്ടി ആദ്യം കുറച്ചുദിവസം ഷാജി ചേട്ടൻറെ വീട്ടിൽ പോവുകയും ഇലിയാനയുമായി കൂടുതൽ ഇടപഴകാൻ ശ്രമിക്കുകയും ചെയ്തു. ഒരു മൂന്നു ദിവസം കൊണ്ട് ഇലിയാന ഞാനുമായി ഇണങ്ങി. നല്ലൊരു അനുഭവമായിരുന്നു ഈ ഒരു ഫോട്ടോഷൂട്ട്.’ മണിക്കുട്ടൻ പറഞ്ഞു.

Story Highlights: Manikuttan viral photoshoot