“ഈ മഹാത്ഭുതത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്..”; ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കൊച്ചിന് ഷിപ്പ്യാർഡ്. 2009 ലാണ് കപ്പലിന്റെ നിർമ്മാണം കൊച്ചിയിൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ ഐഎൻഎസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവിക സേനയുടെ ഭാഗമാവും.
കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചിരുന്നു. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായാണ് ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത്. ഇപ്പോൾ മോഹൻലാൽ ഐഎൻഎസ് വിക്രാന്തിലെത്തിയതിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ മേജർ രവിയും മോഹൻലാലിനെ അനുഗമിച്ചു.
ഭീമാകാരനായ ഈ കപ്പലിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സല്യൂട്ട് ചെയ്യുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഐഎൻഎസ് വിക്രാന്ത് കടലിൽ എപ്പോഴും ജയശാലിയാകട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.
അതേ സമയം സന്ദർശനത്തെ പറ്റി മേജർ രവിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. “കൊച്ചി ഡോക്ക്യാർഡിലെ ഐഎസി വിക്രാന്തിന് മുകളിൽ സ്ഥാനം പിടിക്കാനായത് ഒരു ബഹുമതിയായിരുന്നു. നമ്മുടെ മധുര ശത്രുക്കൾക്ക് പേടിസ്വപ്നങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഈ ഭീമാകാരമായ രാക്ഷസനെ കുറിച്ച് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം. ലാൽ സാറിലെ ഉത്സാഹിയായ നിഷ്കളങ്കനെ കണ്ടപ്പോൾ സന്തോഷം തോന്നി. വന്ദേമാതരം” ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മേജർ രവി കുറിച്ചു.
Read More: ‘പാലാ പള്ളി തിരുപ്പള്ളി..’- മത്സരിച്ച് ചുവടുവെച്ച് ശിൽപ ബാലയും ഭർത്താവും
Story Highlights: Mohanlal shares picture of INS vikranth visit