ദേശീയ ഗാനം മുഴങ്ങിയപ്പോൾ വിതുമ്പി കരഞ്ഞ് സാക്ഷി മാലിക്ക്; ഇന്ത്യയുടെ അഭിമാന നിമിഷത്തിന് സാക്ഷിയായി ബർമിംഗ്‌ഹാം-വിഡിയോ

August 6, 2022

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കിന്റെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണം ഓരോ ഇന്ത്യക്കാർക്കും അഭിമാനകരമായ നേട്ടമായി മാറുകയായിരുന്നു. വനിതകളുടെ 62 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്‌തിയിലാണ് സാക്ഷി സ്വർണ്ണ മെഡൽ നേടിയെടുത്തത്. കാനഡയുടെ അന്ന ഗോജിനെസിനെ തോൽപ്പിച്ചാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സാക്ഷി വിജയം കൊയ്‌തത്.

മെഡൽ ദാന ചടങ്ങിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർക്ക് ഹൃദ്യമാവുന്നത്. മെഡൽ നൽകിയതിന് ശേഷം ദേശീയ ഗാനം മുഴങ്ങിയപ്പോൾ മിഴികൾ നിറഞ്ഞാണ് സാക്ഷി പോഡിയത്തിൽ നിന്നിരുന്നത്. ദേശീയ പതാക ഉയരുന്നത് അഭിമാനത്തോടെയാണ് സാക്ഷി നോക്കി നിന്നത്. ഗ്യാലറിയിൽ ഉണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്കും അഭിമാന നിമിഷമായി ഇത് മാറുകയായിരുന്നു.

രാജ്യത്തിന് മുഴുവൻ അഭിമാനകരമായ നേട്ടമാണ് ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‌തി ഗോദയിൽ ഉണ്ടായത്. ഇരട്ട സ്വർണ്ണമാണ് ഇന്ത്യ ഇന്നലെ ഗോദയിൽ നിന്ന് നേടിയത്. സാക്ഷി മാലിക്കിനൊപ്പം ബജ്‌റംഗ് പൂനിയയും സ്വർണ്ണം നേടിയിരുന്നു. ബജ്‌റംഗ് പൂനിയ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെ മലർത്തിയടിച്ചാണ് ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ ബജ്‌റംഗ് പൂനിയ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ്ണം കൊയ്‌തത്. താരത്തിന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2014 ൽ വെള്ളി നേടിയ താരം 2018 ൽ സ്വർണ്ണം നേടിയിരുന്നു.

Read More: സഞ്ജു സാംസണിന്റെ അപൂർവ്വ ബൗളിംഗ് വിഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ്; അശ്വിനോട് ഒരു ചോദ്യവും…

മെഡൽ കൊയ്ത്തിനെ കഴിഞ്ഞ കാലങ്ങളിൽ ഏറെ സഹായിച്ച ഷൂട്ടിങ് മത്സരങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഭാരോദ്വഹനത്തിലൂടെയും ഗുസ്‌തിയിലൂടെയും മറികടക്കുകയാണ് ഇന്ത്യ. ബോക്‌സിംഗിലും വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.

Story Highlights: Sakshi malik becomes emotional during medal ceremony