സഞ്‌ജുവിൻറെ സൂപ്പർമാൻ ക്യാച്ച്; മറ്റൊരു ധോണിയെന്ന് ക്രിക്കറ്റ് ലോകം-വിഡിയോ

August 20, 2022

സിംബാബ്‌വെയ്ക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനമാണ് സഞ്‌ജു സാംസൺ കാഴ്ച്ചവെച്ചത്. സഞ്‌ജു ഡൈവ് ചെയ്‌തെടുത്ത ഒരു ക്യാച്ചിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മുഹമ്മദ് സിറാജ് എറിഞ്ഞ ഒൻപതാം ഓവറിലാണ് സംഭവം. സിംബാബ്‌വെ ഓപ്പണര്‍ തകുസ്വാന്‍ഷെ കെറ്റാനോയെയാണ് ഡൈവ് ചെയ്‌തെടുത്ത ഒരു ക്യാച്ചിലൂടെ സഞ്‌ജു പുറത്താക്കുന്നത്. വലിയ കൈയടിയാണ് ആരാധകർ സഞ്‌ജുവിന് നൽകുന്നത്. ധോണിക്ക് ശേഷം ഇത്രയും പ്രഗത്ഭനായ ഒരു വിക്കറ്റ് കീപ്പർ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ധോണിക്ക് ശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്‌ജുവെന്നാണ് ആരാധകർ പറയുന്നത്.

അതെ സമയം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലും മികച്ച പ്രകടനമാണ് വിക്കറ്റിന് പിന്നിൽ സഞ്‌ജു കാഴ്ച്ചവെച്ചത്. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ മികച്ച സേവുകളുമായി സഞ്‌ജു വിക്കറ്റിന് പിന്നിൽ മികവ് പുലർത്തിയിരുന്നു. അവസാന ഓവറിലെ താരത്തിന്റെ നിർണായക സേവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റ് ചെയ്‌തപ്പോൾ മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്‌ജു കാട്ടിയ മികവ് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

Read More: ചരിത്രത്തിൽ ഇടം നേടി മനീഷ കല്യാൺ; ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരം

സിറാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു സഞ്‌ജുവിന്റെ മിന്നൽ സേവ്. അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. അക്കീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡുമായിരുന്നു വിൻഡീസിനായി ക്രീസിലുണ്ടായിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് വൈഡ് ആവുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പോകും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിലാണ് സഞ്‌ജു ഡൈവ് ചെയ്‌ത്‌ പന്ത് തട്ടിയിടുന്നത്. മിന്നൽ സേവിലൂടെ നിർണായകമായ നാല് റൺസാണ് താരം വിൻഡീസിൽ നിന്ന് പിടിച്ചു വാങ്ങിയത്. മൂന്ന് റൺസിനാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ വിജയിച്ചത്.

Story Highlights: Sanju catch video goes viral