“പൊറോട്ടയും ബീഫുമില്ല, പകരം ഇത്തവണ പോപ്‌കോൺ..”; ‘പാപ്പൻ’ കാണാൻ തിയേറ്ററിലെത്തി സുരേഷ് ഗോപിയും ഷമ്മി തിലകനും

August 16, 2022

തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ വലിയ ചർച്ച വിഷയമായി മാറിയ സമയത്താണ് സംവിധായകൻ ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ പ്രദർശനത്തിനെത്തിയത്. ആളുകൾ ഇനി തിയേറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചർച്ചകളെ കാറ്റിൽ പറത്തി ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. 50 കോടി ചിത്രം നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനിടയിൽ ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ച നടൻ ഷമ്മി തിലകനും ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഷമ്മി തിലകൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും ആളുകൾക്ക് കൗതുകമായി മാറിയിരിക്കുകയാണ്.

ഷമ്മി തിലകന്റെ കുറിപ്പ്

“ചാലക്കുടിയിൽ “പാപ്പൻ” കളിക്കുന്ന ഡി സിനിമാസ് സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..
“കത്തി കിട്ടിയോ സാറേ”..?
അതിന് അദ്ദേഹം പറഞ്ഞത്..;
“അന്വേഷണത്തിലാണ്”..!
“കിട്ടിയാലുടൻ ഞാൻ വന്നിരിക്കും”..!
“പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും”..!
കർത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടിൽ അടച്ച്..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!”

Read More: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

വലിയ കൈയടിയാണ് ചിത്രത്തിലെ അഭിനയത്തിന് ഷമ്മി തിലകന് ലഭിച്ചത്. കുറച്ചു സീനുകളിൽ മാത്രമേ ഷമ്മി തിലകന്റെ കഥാപാത്രമായ ഇരുട്ടൻ ചാക്കോ ഉള്ളെങ്കിൽ പോലും വലിയ പ്രശംസയാണ് നടന് ലഭിച്ചത്. പലപ്പോഴും അദ്ദേഹത്തിന്റെ പിതാവായ തിലകനെ രൂപത്തിലും അഭിനയത്തിലും താരം അനുസ്‌മരിപ്പിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

Story Highlights: Suresh gopi and shammi thilakan watch pappan in theatre