“ഒരു കഥ സൊല്ലട്ടുമാ..”; ത്രില്ലടിപ്പിച്ച് ഹിന്ദി വിക്രം വേദയുടെ ടീസറെത്തി

August 24, 2022

തമിഴിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു വിക്രം വേദ. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ചിത്രത്തിൽ വിജയ് സേതുപതിയും മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. തമിഴ് ചിത്രം പോലെ തന്നെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. തമിഴിൽ വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കർ കൂട്ടുകെട്ടിൽ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. ആമിർ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആമിർ ഖാന് പകരമായാണ് ഹൃത്വിക് റോഷൻ ചിത്രത്തിന്റെ ഭാഗമായത്. ചിത്രം സെപ്റ്റംബർ 30 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

നേരത്തെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. നടൻ ഹൃത്വിക് റോഷൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം പങ്കുവെച്ചത്. സംവിധായകരുടെ ഒപ്പമുള്ള ഹൃത്വിക് റോഷന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Read More: “രാജുവേട്ടാ എന്ന് ആദ്യമായിട്ടാണ് ഒരു മേയർ വിളിക്കുന്നത്..”; കിഴക്കേക്കോട്ട മേൽപ്പാല ഉദ്‌ഘാടന വേളയിൽ ചിരി പടർത്തി പൃഥ്വിരാജ്

അതെ സമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story Highlights: Vikram veda hindi trailer released