ബോളിവുഡിൽ മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിന്റെ തേരോട്ടം; നൂറ് കോടിയിലേക്കടുത്ത് കന്നഡ ചിത്രം വിക്രാന്ത് റോണ
തെന്നിന്ത്യൻ ചിത്രങ്ങളുടെ ആധിപത്യമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സിനിമയിൽ. കെജിഎഫ് 2, ആർആർആർ, പുഷ്പ അടക്കമുള്ള ചിത്രങ്ങൾ വമ്പൻ വിജയമാണ് ബോളിവുഡിൽ നേടിയത്. ഇപ്പോൾ മറ്റൊരു സൗത്ത് ഇന്ത്യൻ സിനിമ ബോളിവുഡിൽ തേരോട്ടം തുടങ്ങിയിരിക്കുകയാണ്.
‘ഈച്ച’ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തനായ കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ എന്ന ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്. ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലുള്ള ചിത്രം 3 ഡിയായിട്ടാണ് ഒരുങ്ങിയിരിക്കുന്നത്.
വമ്പൻ കളക്ഷനാണ് ചിത്രം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് ചിത്രം നൂറ് കോടിയിലേക്കടുക്കുകയാണ് എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രൺബീർ കപൂറിന്റെ ഷംഷേരയുടെ പ്രദർശനത്തേയും വിക്രാന്ത് റോണയുടെ തേരോട്ടം ബാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെയും നിരൂപകരുടെയും മോശം പ്രതികരണം നേടിയിരുന്ന ഷംഷേര ഇപ്പോൾ വിക്രാന്ത് റോണയുടെ വരവോടു കൂടി വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
കുറച്ചു നാളുകൾക്ക് മുൻപ് വരെ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു ചലച്ചിത്ര മേഖലയായിരുന്നു കന്നഡ ഫിലിം ഇൻഡസ്ട്രി. ദക്ഷിണേന്ത്യയിലെ തമിഴ്, തെലുങ്ക്, മലയാള ഫിലിം ഇൻഡസ്ട്രികളൊക്കെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളെടുത്ത് വലിയ കൈയടി വാങ്ങുമ്പോൾ പലപ്പോഴും നിശബ്ദമായിരുന്നു കന്നഡ ചിത്രങ്ങൾ.
Read More: ‘നമ്പി എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും..’- പൊന്നിയിൻ സെൽവനിൽ വേഷമിടുന്ന സന്തോഷം പങ്കുവെച്ച് ജയറാം
എന്നാൽ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കന്നഡ ഫിലിം ഇൻഡസ്ട്രിയുടെ മുഖഛായ തന്നെ മാറ്റിയത്. ദൃശ്യവിസ്മയമായി മാറിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളും സാൻഡൽവുഡിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയായിരുന്നു. ഇപ്പോൾ അതിന് പിന്നാലെയാണ് വിക്രാന്ത് റോണ പാൻ ഇന്ത്യൻ വിജയം നേടുന്ന മറ്റൊരു കന്നഡ ചിത്രമായി മാറുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലർ വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു.
Story Highlights: Vikranth rona box office success in bollywood