‘യോദ്ധയുടെ 30 വർഷങ്ങൾ..’- നന്ദി അറിയിച്ച് സംഗീത് ശിവന്റെ കുറിപ്പ്

September 3, 2022

മോഹൻലാൽ, ജഗതി ശ്രീകുമാർ,മധുബാല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംഗീത് ശിവൻ സംവിധാനം ചെയ്ത ‘യോദ്ധ’ റിലീസിന് ഇന്ന് 30 വർഷം തികയുകയാണ്. 1992 സെപ്തംബർ 3 നാണ് ചിത്രം ആദ്യമായി റിലീസ് ചെയ്തത്. ചിത്രം മുപ്പത് പിന്നിട്ടപ്പോൾ, ഇത്രയധികം സ്നേഹം നൽകിയ പ്രേക്ഷകർക്ക് സംവിധായകനായ സംഗീത് ശിവൻ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്.

“ഈ സിനിമയിൽ വർഷിച്ച എല്ലാ സ്നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. അത് ഇന്നും ഈ നിലയിലാക്കാൻ സംഭാവന നൽകിയ എല്ലാ മികച്ച അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ഒരു വലിയ അഭിനന്ദനം’- സംഗീത് ശിവൻ കുറിക്കുന്നു.

ഈ സിനിമ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രശസ്ത സംഗീതജ്ഞൻ രാഹുൽ രാജും കുറിക്കുന്നു. ” യോദ്ധയുടെ 30 വർഷങ്ങൾ.. എന്റെ പല അഭിമുഖങ്ങളിലും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, യോദ്ധ എനിക്ക് എങ്ങനെ ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നു എന്നത്! യോദ്ധ എക്കാലവും മലയാളി ജനകീയ സംസ്കാരത്തിന്റെ ഭാഗമായി നിലനിൽക്കും! മഹത്തായ ഒരു സംഗീത് ശിവൻ കാഴ്ച്ച! നിങ്ങളുടെ അടുത്ത വലിയ മാന്ത്രിക ഉദ്യമത്തിനായി കൂടുതൽ കാത്തിരിക്കാനാവില്ല സംഗീത് സർജി’ അദ്ദേഹം കുറിക്കുന്നു..

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ സംവിധാനം ചെയ്ത ‘യോദ്ധ’യിൽ മോഹൻലാലും, ജഗതി ശ്രീകുമാറും യഥാക്രമം തൈപ്പറമ്പിൽ അശോകനായും അരശ്ശുമൂട്ടിൽ അപ്പുക്കുട്ടനായും അഭിനയിച്ചു. ബുദ്ധവിഹാരത്തിലെ കിരീടമണിഞ്ഞ റിംപോച്ചെയുടെ രക്ഷകനായി മാറുന്ന തൈപ്പറമ്പിൽ അശോകന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്റെയും ജഗതി ശ്രീകുമാറിന്റെയും അവിശ്വസനീയമായ കൂട്ടുകെട്ടാരുന്നു ചിത്രത്തിന്റെ ആത്മാവ്. സന്തോഷ് ശിവന്റെ ഛായാഗ്രഹണം, ശ്രീകർ പ്രസാദിന്റെഎഡിറ്റ്, എ ആർ റഹ്മാന്റെ അവിശ്വസനീയമായ സംഗീതം എന്നിവ ‘യോദ്ധ’യെ ഒരു മാസ്റ്റർപീസ് ആക്കി.

Story highlights- 30 years of yodha