അകാലത്തിൽ മരണമടഞ്ഞ സഹായിയുടെ കുടുംബത്തെ ഏറ്റെടുത്ത് ബോളിവുഡ് താരം അക്ഷയ് കുമാർ

September 16, 2022

15 വർഷത്തിലേറെയായി തന്റെ ഹെയർസ്റ്റൈലിസ്റ്റായ മിലൻ ജാദവിന്റെ വേർപാടിനെകുറിച്ച് അക്ഷയ് കുമാർ അടുത്തിടെ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ക്യാൻസർ രോഗബാധയെ തുടർന്നാണ് മിലൻ അന്തരിച്ചത്. ഇപ്പോഴിതാ,മിലൻറെ കുടുംബത്തെ സഹായിക്കാനൊരുങ്ങുകയാണ് അക്ഷയ് കുമാർ.
മിലനുമായി അക്ഷയ്‌ക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ക്യാൻസർ ആണെന്ന് കണ്ടെത്തിയപ്പോൾ അത് നാലാം ഘട്ടത്തിലായിരുന്നു.

അക്ഷയ് കുമാർ, മിലൻറെ കുടുംബത്തോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുക മാത്രമല്ല, അവരെ നോക്കാമെന്ന് വാക്ക് നൽകുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്റെ ട്വിറ്റർ ഹാൻഡിലിൽ അക്ഷയ്, മിലനൊപ്പമുള്ള ഒരു പഴയ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളുടെ രസകരമായ ഹെയർസ്റ്റൈലുകളും പുഞ്ചിരിയും കൊണ്ട് നിങ്ങൾ ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടു നിന്നു. എന്റെ ഒരു മുടി പോലും അസ്ഥാനത്തല്ലെന്ന് എപ്പോഴും ഉറപ്പുവരുത്തി. 15 വർഷത്തിലേറെയായി എന്റെ ഹെയർഡ്രെസർ, മിലൻ ജാദവ്. ഓം ശാന്തി’-അക്ഷയ് കുമാർ കുറിക്കുന്നു.

അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ‘കട്ട്പുട്ട്ലി’യിലാണ് അക്ഷയ് അവസാനമായി വേഷമിട്ടത്. ചന്ദ്രചൂർ സിംഗ്, രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമായിരുന്നു ഇത്. അടുത്തതായി, ‘OMG 2’, ‘റാം സേതു’, ‘ബഡേ മിയാൻ ചോട്ടെ മിയാൻ’, ‘സെൽഫി’ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.

Story highlights- Akshay Kumar promises to look after his hairstylist’s family after his death