“ഒന്ന് ക്ഷമിക്കണം ബ്രോ..”; പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ റിലീസിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൺസ് പുത്രൻ

September 14, 2022

മലയാള സിനിമ പ്രേക്ഷകർ റിലീസിനായി ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ഗോൾഡ്.’ പൃഥ്വിരാജ് സുകുമാരനും നയൻ താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അൽഫോൺസ് പുത്രനാണ്. നേരത്തെ ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ഓണത്തിന് റിലീസ് ഉണ്ടാവില്ലെന്ന് സംവിധായകൻ അറിയിച്ചിരുന്നു.

ഇപ്പോൾ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് ചോദിച്ച ഒരു ആരാധകന് അൽഫോൺസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. “കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്‍ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു.” ആരാധകനുള്ള മറുപടിയായി അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു.

നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം, തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു.

Read More: ‘കിളിവന്നു കൊഞ്ചിയ ജാലകവാതിൽ..’- ഹസ്തമുദ്രകളാൽ നൃത്തംചെയ്ത്‌ അനു സിത്താര

“ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും” സംവിധായകൻ പറഞ്ഞു.

Story Highlights: Alphonse puthren about gold release