മഞ്ജു വാര്യരെ നൃത്തം അഭ്യസിപ്പിച്ച് പ്രഭുദേവ- ‘ആയിഷ’ സിനിമയിലെ ഗാനത്തിന്റെ ടീസർ ശ്രദ്ധനേടുന്നു

September 11, 2022

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രീകരണം റാസല്‍ ഖൈമയില്‍ തുടങ്ങിയ സിനിമയുടെ സോംഗ് ടീസർ ശ്രദ്ധനേടുകയാണ്.

മഞ്ജു വാര്യരുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗാനത്തിന്റെ ടീസർ പുറത്തുവന്നത്. വിഡിയോയിൽ മഞ്ജു വാര്യരെ നൃത്തം പഠിപ്പിക്കുന്ന പ്രഭുദേവയെ കാണാം. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്.

Story highlights- ayisha movie song teaser