മികച്ച പ്രകടനവുമായി ശ്രീനാഥ് ഭാസി; പ്രേക്ഷകരുടെ കൈയടി നേടി ‘ചട്ടമ്പി’- റിവ്യൂ
ശ്രീനാഥ് ഭാസി എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകനമാണ് ചട്ടമ്പി എന്ന സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ഒരു റിയലിസ്റ്റിക് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവുമാണ് ചിത്രത്തിന്റെ പ്രത്യേകതകളായി പ്രേക്ഷകരും നിരൂപകരും ഒരേ പോലെ എടുത്തു പറയുന്നത്.
തൊണ്ണൂറുകളിലെ ഇടുക്കിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. മൂട്ടാട്ടിൽ ജോൺ എന്ന പലിശക്കാരന്റെ ഗുണ്ടയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രം. ജോണിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഗുണ്ടയാണ് അയാൾ. ഒരു ഘട്ടത്തിൽ ഇരുവരും അകലുകയും ശത്രുക്കളായി മാറുകയും ചെയ്യുന്നു. ഈ രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
അടുത്തിടെ ഏറെ പ്രശംസ നേടിയ സംവിധായകൻ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ അലക്സ് ജോസഫ് ആണ്. കഥയുടെ രസച്ചരട് ഒട്ടും പോവാതെ വളരെ കൈയടക്കത്തോടെ രചിച്ച തിരക്കഥയ്ക്ക് മികച്ച ദൃശ്യങ്ങൾ ഒരുക്കാനും അലക്സിന് കഴിഞ്ഞു.
എന്നാൽ പ്രേക്ഷകരുടെയും നിരൂപകരുടെയും ഏറ്റവും വലിയ കൈയടി നേടുന്നത് സംവിധായകൻ അഭിലാഷ്.എസ്.കുമാർ തന്നെയാണ്. ഏറെ പുതുമയുള്ള രീതിയിലാണ് സംവിധായകൻ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ കഥയേയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നാണ് നിരൂപകരും അഭിപ്രായപ്പെടുന്നത്.
Read More: നിഗൂഢത നിറച്ച് ട്രെയ്ലർ; ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി സെപ്റ്റംബർ 23 ന് തിയേറ്ററുകളിലേക്ക്
ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ആസിഫ് യോഗി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story Highlights: Chattambi receives acclaim from audience and critics