‘ചട്ടമ്പി’ ഇന്ന് തന്നെ; ആദ്യ ഷോ വൈകിട്ട് 6 ന്

September 23, 2022

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി.’ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിഗൂഢത ഉണർത്തുന്ന കഥാപശ്ചാത്തലവും മികവ് പുലർത്തിയ ദൃശ്യങ്ങളും ട്രെയ്‌ലറിന് ലഭിച്ച മികച്ച പ്രതികരണത്തിന് കാരണമായി. അത് കൊണ്ട് തന്നെ ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചതോടെ റിലീസിനെ സംബന്ധിച്ച് പ്രേക്ഷകരുടെയിടയിൽ ചെറിയ ആശങ്കയുണ്ടായി. ഇന്ന് തന്നെ ചിത്രം പ്രദർശനത്തിനെത്തുമോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം.

എന്നാൽ ചിത്രം ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹർത്താൽ ആയത് മൂലം വൈകിട്ട് 6 മണിക്കായിരിക്കും ആദ്യ പ്രദർശനം.

ചട്ടമ്പിയുടെ രണ്ട് ട്രെയ്‌ലറുകൾ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. അഭിലാഷ്.എസ്.കുമാർ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ആസിഫ് യോഗിയാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ഉള്ളടക്കമാണ് ട്രെയ്‌ലറുകളിൽ ഉള്ളത്. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് ആദ്യ ട്രെയ്‌ലർ പുറത്തുവിട്ടത്.

Read More: നിഗൂഢത നിറച്ച് ട്രെയ്‌ലർ; ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി സെപ്റ്റംബർ 23 ന് തിയേറ്ററുകളിലേക്ക്

1990 കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാറ്റോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Story Highlights: Chattambi releases today