ഫഹദിന്റെ മാസ്സ് സിനിമ; തിരുവോണദിനത്തിൽ ‘ഹനുമാൻ ഗിയർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് താരം…

September 8, 2022

തിരുവോണ ദിനമായ ഇന്ന് ഫഹദ് ആരാധകരെ ആവേശത്തിലാക്കി താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഫഹദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ‘ഹനുമാൻ ഗിയർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആൾക്കൂട്ടത്തിന് നടുവിൽ ജീപ്പിന് മുകളിൽ കൈ ഉയർത്തി തിരിഞ്ഞു നിൽക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു മാസ്സ് സിനിമയാണ് ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ​ഗുഡ് ഫിലിംസിന്റെ 96 മത് ചിത്രമായാണ് ‘ഹനുമാൻ ​ഗിയർ’ ഒരുങ്ങുന്നത്.

മലയൻകുഞ്ഞാണ് ഫഹദിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്. മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തിയത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് മലയൻകുഞ്ഞ്. ഒരു സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.

Read More: ചക്കപ്പഴത്തിൽ ഉപ്പും മുളകും; ചക്കപ്പഴം-ഉപ്പും മുളകും കുടുംബാംഗങ്ങൾ ഒരുമിച്ച് അവിട്ടം ദിനത്തിൽ പ്രേക്ഷകരിലേക്ക്…

ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. ഫഹദിനൊപ്പം രജിഷ വിജയൻ, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്.

Story Highlights: Fahad fazil new movie first look poster