ഏതാണ് യഥാർത്ഥ ഗിന്നസ് പക്രു?- അമ്പരപ്പും കൗതുകവും സമ്മാനിക്കുന്ന കാഴ്ച

September 3, 2022

മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ്‌ ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ,തന്റെ മെഴുകുപ്രതിമയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.’പ്രതിഭയുടെ കയ്യൊപ്പുപതിഞ്ഞ എന്റെ കൊച്ചു മെഴുകു പ്രതിമ’ എന്ന ക്യാപ്ഷനൊപ്പമാണ് പക്രു വിഡിയോ പങ്കുവെച്ചരിക്കുന്നത്.പക്രുവിന്റെ ആരാധകനും കലാകാരനുമായ ഹരികുമാർ നിർമിച്ചതാണ് ഈ മെഴുകുപ്രതിമ. തന്റെ ഇരട്ട സഹോദരനെ കണ്ട സന്തോഷം എന്നാണ് പക്രു പങ്കുവെച്ചത്.

 മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.

Story highlights- Guinness pakru wax statue