‘അമ്മയും നച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും മിസ്സ് ചെയ്യും..’- മകൾക്ക് ഹൃദ്യമായ യാത്രയയപ്പുമായി ഇന്ദ്രജിത്ത്

September 27, 2022

താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണ്ണിമയുടെയും മൂത്ത മകൾ പ്രാർത്ഥന മലയാളികൾക്ക് സുപരിചിതയാണ്. ഗായിക എന്ന നിലയിലാണ് പ്രാർത്ഥന തന്റെ കരിയർ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സംഗീതത്തിനും പഠനത്തിനുമായി ലണ്ടനിലേക്ക് പുറപ്പെട്ടിരിക്കുകയാണ് പ്രാർത്ഥന.വളരെ വൈകാരികമായ ഒരു യാത്രയയപ്പാണ് പൂർണിമയും ഇന്ദ്രജിത്തും മകൾക്കായി ഒരുക്കിയിരുന്നത്. ‘ഇതാ,രാപ്പാടി ഞങ്ങളുടെ കൂട്ടിൽ നിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’ എന്ന കുറിപ്പുമായി പൂർണിമ യാത്രയയപ്പ് വിഡിയോ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ദ്രജിത്ത് മകൾക്കൊപ്പം ലണ്ടനിലെ കോളേജിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു കുറിപ്പാണ് എഴുതിയിരിക്കുന്നത്. “പാത്തു.. ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്.. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’- ഇന്ദ്രജിത്ത് കുറിക്കുന്നു.

ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അധികം സിനിമകളുടെ ഭാഗമൊന്നുമായില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞ പൂർണിമ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ട് തിരിച്ചു വരവ് അറിയിച്ച പൂർണിമ ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.

Read Also: ചീറ്റയ്‌ക്കൊപ്പം സെൽഫി; കുറച്ചു കടന്ന് പോയില്ലേ എന്ന് സമൂഹമാധ്യമങ്ങൾ…

രണ്ടുമക്കളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും. പ്രാർത്ഥനയും നക്ഷത്രയും. ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

Story highlights- Indrajith Sukumaran pens a heartfelt note about his daughter