തിയേറ്ററിലേക്കില്ല; ജയസൂര്യ നായകനാകുന്ന ‘ഈശോ’ ഒടിടി റിലീസിന്

September 15, 2022

‘അമർ അക്ബർ അന്തോണി’ എന്ന കോമഡി എന്റർടെയ്‌നറിന് ശേഷം നടൻ ജയസൂര്യ, സംവിധായകൻ നാദിർഷയ്‌ക്കൊപ്പം ‘ഈശോ’ എന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. റിപോർട്ടുകൾ അനുസരിച്ച്, ഈ വർഷം ഒക്ടോബർ 5 മുതൽ സിനിമ ഒരു ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും.

നാദിർഷയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രം ഒക്ടോബർ 5 മുതൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ജയസൂര്യ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി അറിയിച്ചു. ‘ഈശോ’ തിയേറ്റർ റിലീസ് ഇല്ലെന്ന് മുൻപുതന്നെ റിപ്പോർട്ട് വന്നിരുന്നു. കൂടാതെ സോണി ലിവ് റെക്കോർഡ് തുകയ്ക്ക് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി.

സംവിധായകൻ നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ തിരക്കഥ ഒരുക്കുന്നത് മലയാളത്തിലെ പ്രശസ്തമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള സുനീഷ് വാരനാടാണ്. ഈശോയുടെ സംഗീതം നാദിർഷയും രാഹുൽ രാജും ഛായാഗ്രഹണം റോബി വർഗീസ് രാജും നിർവഹിക്കും. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം ഷമീർ മുഹമ്മദും കലാസംവിധാനം സുജിത് രാഘവും നിർവഹിക്കും.

നടി നമിത പ്രമോദാണ് ‘ഈശോ’യിൽ അശ്വതി എന്ന അഭിഭാഷക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിൽ നടന്മാരായ ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കും.

Story highlights-Jayasurya starrer ‘Eesho’ gets an OTT release date