‘ഇന്ത്യൻ 2’ ഒരുങ്ങുന്നു; ചിത്രത്തിനായി കുതിര സവാരി അഭ്യസിച്ച് കാജൽ അഗർവാൾ

September 21, 2022

കമൽ ഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’ 1996ലായിരുന്നു റിലീസായത്. വമ്പൻ വിജയമായ ചിത്രത്തിന് 24 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത ആരാധകരിൽ പകർന്ന സന്തോഷവും ആവേശവും ചെറുതല്ല. എന്നാൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.

ഇപ്പോഴിതാ, രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിംഗ് പുനരാരംഭിക്കുകയാണ്. ചിത്രത്തിലെ നായികയായ കാജൽ അഗർവാൾ കുതിര സവാരി അഭ്യസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇന്ത്യൻ 2’ൽ കാജൽ അഗർവാൾ പ്രായമായ സ്ത്രീയുടെ വേഷത്തിലാണ് എത്തുന്നത്.

പ്രസവാവധിക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ഈ ചിത്രത്തിലൂടെ. ‘ഇന്ത്യൻ 2’ രണ്ട് വർഷത്തിലേറെയായി ചിത്രീകരണം നിർത്തിവച്ചിരിക്കുകയായിരുന്നു, ചിത്രം ഉപേക്ഷിച്ചതായി പറയപ്പെട്ട അവസരങ്ങളുമുണ്ട്.

അതേസമയം, കമൽഹാസൻ ‘ഇന്ത്യൻ 2’ന്റെ തയ്യാറെടുപ്പുകൾക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരും ഉണ്ട്. അന്തരിച്ച നടന്മാരായ വിവേകും നെടുമുടി വേണുവും ഷൂട്ടിംഗ് നിർത്തിവെച്ച വേളയിൽ വിടപറഞ്ഞതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Story highlights- Kajal Aggarwal learns horse riding for Indian 2