വിജയകരമായി നൂറാം ദിവസത്തിലേക്ക് കടന്ന് ‘വിക്രം’- സന്തോഷം പങ്കുവെച്ച് കമൽ ഹാസൻ

September 10, 2022

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഉലഗനായകൻ കമൽഹാസൻ നായകനായ ‘വിക്രം’ 2022 ജൂൺ 3നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ഇപ്പോൾ 100 ദിവസം പൂർത്തിയാക്കുകയും ചെയ്തു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ആക്ഷൻ സിനിമയിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ആരാധകരുടെ പിന്തുണയോടെ ‘വിക്രം’ 100 ദിവസം പൂർത്തിയാക്കിയതിൽ അതീവ സന്തോഷമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. വിക്രമിന്റെ വിജയത്തിൽ പങ്കുവഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു. അർജുൻ ദാസ്, കാളിദാസ് ജയറാം, നരേൻ, ശിവാനി, മൈന നന്ദിനി എന്നിവരടങ്ങുന്ന ഒരു താര നിരയും ചിത്രത്തിലുണ്ട്. ‘വിക്രം’ എന്ന ചിത്രത്തിൽ റോ ഏജന്റായി കമൽഹാസൻ വേഷമിട്ടു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരേൻ, ഗായത്രി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

story highlights- Kamal Haasan’s Vikram completes 100 days