ബിഗ് സ്‌ക്രീനിൽ സ്വന്തം മുഖം കണ്ട് കരച്ചിലടക്കാനാവാതെ ‘നങ്ങേലി’; പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയുടെ ഹൃദ്യമായ നിമിഷം-വിഡിയോ

September 15, 2022

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വന്തം മുഖം വെള്ളിത്തിരയിൽ കാണുന്ന നിമിഷം ഏതൊരു ആർട്ടിസ്റ്റിനും വളരെ പ്രിയപ്പെട്ടതാണ്. ഒരുപാട് നാളുകളായുള്ള സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും സാഫല്യം കൈവരുന്ന ഒരു നിമിഷം കൂടിയാണ് അവരെ സംബന്ധിച്ച് അത്. പലപ്പോഴും അത്തരം നിമിഷങ്ങളിൽ അവർ വികാരഭരിതരായി പോവാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ നായിക കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിച്ച നടിയാണ് കയാദു ലോഹർ. പൂനെ സ്വദേശിയായ കയാദുവിന്റെ ആദ്യ മലയാള ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ബിഗ് സ്‌ക്രീനിൽ നങ്ങേലിയെ കണ്ട് കരച്ചിലടക്കാൻ കഴിയാതെ നിൽക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നടനായ സെന്തിൽ കൃഷ്‌ണയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി ഒരേ പോലെ ഏറ്റു വാങ്ങി വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്.’ സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. തിരുവോണ ദിനത്തിൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ മായാജാലം തീർക്കുകയാണ്.

ആരാധകരുടെ ആവേശം നേരിൽ കണ്ടറിയാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ ടീം തിയേറ്ററുകളിൽ എത്തിയിരുന്നു. സംവിധായകൻ വിനയൻ, നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ തുടങ്ങിയവരാണ് പ്രേക്ഷകർക്കൊപ്പം സിനിമ ആസ്വദിക്കാൻ എത്തിയത്. മജസ്റ്റിക് ഞാറക്കൽ, എം സിനിമാസ് വരാപ്പുഴ, പിവിആർ സിനിമാസ് എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിനെ ഏറ്റെടുത്ത പ്രേക്ഷകർക്ക് സംവിധായകൻ വിനയൻ നന്ദി അറിയിച്ചു.

Read More: “ഒറ്റ വാക്കിൽ അതിഗംഭീരം..”; പത്തൊമ്പതാം നൂറ്റാണ്ടിന് പ്രശംസയുമായി ഗിന്നസ് പക്രു, മറുപടി നൽകി സംവിധായകൻ വിനയൻ

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Story Highlights: Kayadu lohar emotional moment