‘വൈറ്റില, പാലാരിവട്ടം..’- ഇത് ഫ്ലൈറ്റ് കണ്ടക്ടർ ചാക്കോച്ചൻ; രസികൻ വിഡിയോ

September 16, 2022

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ഈ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു.

ചോക്ലേറ്റ് നായകനിൽ നിന്നും ഏതുവേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ചാക്കോച്ചൻ രസകരമായ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ലൈറ്റ് കണ്ടക്ടർ എങ്ങനെയാണെന്ന് കാണിച്ചുതരികയാണ് താരം. ഒരു സ്വകാര്യ വിമാനത്തിൽ ഡോറിൽ നിന്നുകൊണ്ട് വൈറ്റില, പാലാരിവട്ടം എന്നൊക്കെ വിളിച്ചുപറയുകയാണ് നടൻ. ഭാര്യ പ്രിയയാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടൻ. എന്നാ താൻ കേസ് കൊട്, ഒറ്റ് എന്നീ ചിത്രങ്ങളാണ് ഏറ്റവുമടുവിൽ കുഞ്ചാക്കോ ബോബന്റേതായി പ്രേക്ഷകരിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകന്മാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഒറ്റ്.’ 

ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ബോളിവുഡ് നടൻ ജാക്കി ഷെറോഫും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആടുകളം നരേന്‍, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- kunchacko boban’s funny video