മറാത്തി കുടുംബിനിയായി നിമിഷ സജയൻ- ‘ഹവാഹവായ്’ ട്രെയ്ലർ

മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരം മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചതാണ്. ഇപ്പോഴിതാ, മറാത്തി ചിത്രത്തിൽ നായികയായി എത്തുകയാണ് നടി. ‘ഹവാഹവായ്’ എന്ന ചിത്രത്തിലാണ് നിമിഷ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ എത്തി.
ഒക്ടോബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു സാധാരണക്കാരിയായ കുടുംബിനിയുടെ വേഷത്തിലാണ് നിമിഷ വേഷമിടുന്നത്. അതേസമയം, ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിലാണ് നിമിഷ ഏറ്റവും ഒടുവിൽ വേഷമിട്ടത്. അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിൽ നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവരാണ് ബിജു മേനോനൊപ്പം വേഷമിടുന്നത്.
ബോളിവുഡ് താരം ആദിൽ ഹുസൈനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ചിത്രത്തിലാണ് ആദിൽ ഹുസൈനൊപ്പം നിമിഷ വേഷമിടുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക ഇന്ന് മലയാളികളുടെ പ്രിയ നായികയായി മാറിക്കഴിഞ്ഞു.
ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ സജയൻ. ദേശീയ പുരസ്കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തുന്നത്. ‘വി ആർ’ എന്നാണ് ചിത്രത്തിന്റെ പേര്. 2011-ൽ ഒനിർ സംവിധാനം ചെയ്ത ‘ഐ ആം ലൈക്ക് ഐ ആം’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വി ആർ.
Story highlights- nimisha sajayan’s marathi movie trailer