ഒടുവിൽ മുഖം വ്യക്തമായി; റോഷാക്കിന്റെ നിഗൂഢതയുണർത്തുന്ന പുതിയ പോസ്റ്റർ പങ്കു വെച്ച് മമ്മൂട്ടി

September 2, 2022

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്.’ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണിത്. പേര് ഉണർത്തുന്ന കൗതുകവും നിഗൂഢതയും തന്നെയാണ് ശ്രദ്ധേയമായത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്.

നേരത്തെ തന്നെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. മറ്റ് പോസ്റ്ററുകൾ പോലെ നിഗൂഢത ഒളിപ്പിച്ചാണ് ഈ പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ആദ്യമായി ഈ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ച് അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Read More: കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി; ചിത്രം ഓണത്തിന് തിയേറ്ററുകളിൽ

വ്യക്തികളുടെ അന്തർലീനമായ ചിന്താ വൈകല്യങ്ങൾ കണ്ടെത്തുന്നതിനാണ് റോഷാക്ക് ടെസ്റ്റ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിൽ. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാൻ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്.

Story Highlights: Rorschach new poster released by mammootty