തല്ല് തുടങ്ങിയത് ഇവിടെ നിന്ന്; തല്ലുമാലയിലെ തല്ല് പാട്ടെത്തി…

September 25, 2022

അടുത്തിടെ ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു തല്ലുമാല. തിയേറ്ററുകളിൽ ആവേശം വിതറി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ തല്ലുമാല ഇപ്പോൾ ഒടിടിയിലും തരംഗമാവുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഓൺലൈനിൽ പ്രദർശനത്തിനെത്തിയത്. മിന്നൽ മുരളിക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ ടോപ് ചാർട്ടുകളിൽ ഇടം നേടുന്ന മറ്റൊരു ടൊവിനോ ചിത്രമായി തല്ലുമാല മാറിയിരിക്കുകയാണ്.

ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘ലോല ലോല ലോലാ’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്‌തിരിക്കുന്നത്‌. വിഷ്‍ണു വിജയ് ഈണമിട്ടിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ​ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്‍ണു വിജയ്‍യും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹ്‌സിൻ പരാരിയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് ‘തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുള്ളത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിച്ചിരുന്നു.

Read More: പത്തുവർഷങ്ങൾക്ക് ഇപ്പുറവും മാറ്റമില്ലാതെ- ചർച്ചയായി തൃഷയുടെ ചിത്രം

മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലുള്ളത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Thallumala new song released