പത്തുവർഷങ്ങൾക്ക് ഇപ്പുറവും മാറ്റമില്ലാതെ- ചർച്ചയായി തൃഷയുടെ ചിത്രം

September 25, 2022

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊന്നിയിൻ സെൽവന്റെ റിലീസിനായി ഒരുങ്ങുകയാണ് സിനിമാലോകം. ചരിത്രനോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന് വംശീയ ഭംഗിയിൽ എത്തിയാണ് താരങ്ങൾ വിസ്മയിപ്പിക്കുന്നത്. രാജകീയ സാരികൾ മുതൽ അനാർക്കലികളും മിനിമൽ കുർത്തകളും ഒക്കെയായി നടി തൃഷയാണ് എല്ലാ വേദികളിലും മനം കവരുന്നത്. ഇപ്പോഴിതാ, പത്തുവർഷം മുൻപ് പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ സിനിമയിലെ ലുക്കിൽ നിന്നും യാതൊരു മാറ്റവും നടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആരാധകർ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.

സിനിമാലോകത്തെ സംബന്ധിച്ച് പതിറ്റാണ്ടുകളോളം നായികയായി തുടരാൻ സാധിക്കുന്നവർ വിരളമാണ്. നയൻതാര, തൃഷ തുടങ്ങിയവർക്ക് മാത്രമാണ് അങ്ങനെയൊരു ഭാഗ്യം തമിഴ്‌സിനിമയിൽ ലഭിച്ചത്. പൊന്നിയിൻ സെൽവൻ സിനിമയിലും പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ.

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.

Story highlights- thrisha krishnan’s amazing look