“ഈ യുദ്ധം ടീം വിനയൻ ജയിച്ചു..”; പത്തൊമ്പതാം നൂറ്റാണ്ടിന് വലിയ പ്രശംസയുമായി സംവിധായകൻ വി.എ.ശ്രീകുമാർ
ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്.’ കളക്ഷനിൽ കൂടെയുള്ള ചിത്രങ്ങളെയൊക്കെ ഒരുപാട് പിന്നിലാക്കി കുതിക്കുകയാണ് ചിത്രം. സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി പത്തൊമ്പതാം നൂറ്റാണ്ട് മാറിക്കഴിഞ്ഞു.
സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ മോഹൻലാൽ ചിത്രം ഒടിയന്റെ സംവിധായകനായ വി.എ.ശ്രീകുമാറാണ് ചിത്രത്തെയും സംവിധായകൻ വിനയനേയും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
വി.എ.ശ്രീകുമാറിന്റെ കുറിപ്പ്
ഒറ്റപ്പാലം ലാഡർ തിയേറ്ററിലാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’ കണ്ടത്. ചരിത്രം ഓർമ്മിക്കപ്പെടാതെ പോകുന്നത് അവ ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകൾ വളരെ കുറവായതിനാൽ തിരക്കഥ എഴുതിയ സംവിധായകൻ വിനയൻ ഭാവനയെ നീതിപൂർവ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.
സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു.
വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകൻ സിജു വിത്സൻ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയൻ ജയിച്ചു.
Read More: ആദ്യ ആഴ്ച്ചയിൽ 23 കോടി; ചരിത്ര വിജയത്തിലേക്കടുത്ത് പത്തൊമ്പതാം നൂറ്റാണ്ട്…
Story Highlights: V. A. Sreekumar huge praise for pathonpatham noottandu