ഒറ്റ ചാട്ടത്തിന് കുതിരയുടെ മുകളിൽ; സിജു വിൽ‌സൺ റോപ്പ് ഉപയോഗിച്ചോ എന്ന് ചോദ്യം, കഠിനാധ്വാനമെന്ന് വിനയൻ- വിഡിയോ

September 13, 2022

തിയേറ്ററുകളിൽ ആവേശം പടർത്തി വിനയൻ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുകയാണ്. സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. തിരുവോണ ദിനത്തിൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ മായാജാലം തീർക്കുകയാണ്.

ഇപ്പോൾ സംവിധായകൻ വിനയൻ പങ്കുവെച്ച ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദി സീൻ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. ചിത്രത്തിലെ നായകൻ സിജു വിൽസൺ വളരെ അനായാസമായി കുതിരപ്പുറത്ത് ചാടി കയറുന്നതിന്റെ വിഡിയോയാണ് സംവിധായകൻ പങ്കുവെച്ചത്. കുതിര സവാരി ഒട്ടും പരിചയമില്ലാതിരുന്ന താരം കഠിനാധ്വാനം നിറഞ്ഞ പരിശീലനത്തിലൂടെയാണ് കുതിരമേൽ കയറാനും സഞ്ചരിക്കാനും പഠിച്ചതെന്നാണ് സംവിധായകൻ പറയുന്നത്.

“മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്”- വിഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More: മരണമടഞ്ഞ സഹായിയുടെ മകന്റെ കല്യാണത്തിന് കാരണവരുടെ സ്ഥാനത്ത് വിക്രം; താലി കൈമാറിയത് താരം

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Story Highlights: Vinayan shares behind the scene video of siju wilson