അച്ഛന്റെ ടീഷർട്ടിൽ തിളങ്ങി ഒരു കുഞ്ഞു സുന്ദരി- മകളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

September 19, 2022

ചലച്ചിത്ര താരങ്ങളുടെ സിനിമ വിശേഷങ്ങൾക്കപ്പുറം കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും കൗതുകത്തോടെ കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ, മകളുടെ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

‘ഏകദേശം അര മണിക്കൂർ മുമ്പ്, എന്റെ ഒരു ടി ഷർട്ട് ധരിച്ചോട്ടെ എന്ന് ഷാനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങൾ ഇത് ക്ലിക്ക് ചെയ്തു!’- വിനീത് ശ്രീനിവാസന്റെ ടിഷർട്ട് ധരിച്ച് നിൽക്കുന്ന മകളുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ഷനയുടെ ജന്മദിനത്തിൽ മകളെക്കുറിച്ച് വളരെ ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവെച്ചിരുന്നു.

വിനീത് പങ്കുവെച്ച കുറിപ്പ്…

ഒരുവർഷം മുൻപുള്ള ഒരു ബുധനാഴ്‌ച ദിവസം രാത്രി, ‘ഹൃദയ’ത്തിന് വേണ്ടിയുള്ള ഒരു പാട്ട് കമ്പോസ് ചെയ്ത ശേഷം വൈറ്റിലയിലെ ഞങ്ങളുടെ താൽക്കാലിക അപ്പാർട്ട്മെന്റിലേക്ക് ഓടുകയായിരുന്നു. നിശ്ചയിച്ച ദിവസം കഴിഞ്ഞതുകൊണ്ട് ചെറിയ അസ്വസ്ഥത ഉണ്ടെന്ന് ദിവ്യ എന്നോട് പറഞ്ഞിരുന്നു. അന്ന് രാത്രി കനത്ത മഴ പെയ്യുകയും പുലർച്ചെ 3 മണിയോടെ, ദിവ്യ ബാത്ത്റൂമിലേക്ക് പോകുന്നതും ഉറക്കത്തിനിടയിൽ ഞാൻ അറിഞ്ഞിരുന്നു.. പക്ഷെ, എനിക്ക് നല്ല ക്ഷീണമായിരുന്നതുകൊണ്ട് മയക്കം തുടർന്നു.. ഏകദേശം 3.30ന് അവൾ എന്റെ തോളിൽ തലോടി പറഞ്ഞു, ‘വിനീത്, കുഞ്ഞ് വരാറായെന്ന് തോന്നുന്നു.’

ഏകദേശം പതിനാലര മണിക്കൂർ നീണ്ട പ്രസവ വേദന. ആ സമയത്തെല്ലാം ഞാൻ അവളോടൊപ്പം ഉണ്ടായിരുന്നു.. ഇത് ഞാൻ കണ്ട ഏറ്റവും വലിയ യുദ്ധം പോലെയായിരുന്നു. വൈകുന്നേരം 5.30 ഓടെ പ്രിയങ്കയുടെയും ബെർത്ത് വില്ലേജിലെ മറ്റെല്ലാ മിഡ് വൈഫുമാരുടെയും സഹായത്തോടെ ദിവ്യ ഞങ്ങളുടെ കൊച്ചു പെൺകുട്ടിക്ക് ജന്മം നൽകി! ഈ ലോകത്തിലേക്ക് വരാൻ അവൾ ഒരു നീണ്ട പോരാട്ടം നടത്തി. ജന്മനാ പോരാളി.. എന്റെ ജീവിതത്തിൽ ഞാൻ കണ്ട എന്തിനേക്കാളും അവൾ സുന്ദരിയാണ്.. അവൾ ഇപ്പോൾ വാക്കുകൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കാൻ പഠിച്ചിരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അവൾ ആദ്യമായി എന്നെ ‘പപ്പാ’ എന്ന് വിളിച്ചു. വിഹാനെ പോലെ ഉദയ സൂര്യന്റെ ആദ്യ കിരണമാണ് ഷനയ. ഇന്ന്, ഒക്ടോബർ 3, അവളുടെ ആദ്യ ജന്മദിനം. എന്നാണ് വിനീത് കുറിച്ചത്.

Story highlights- vineeth sreenivasan shares shanaya’s photo