സഞ്ജയ് ഗാന്ധിയായി മലയാളികളുടെ സ്വന്തം ‘കുപ്പി’- കങ്കണയ്ക്കൊപ്പം വേഷമിടാൻ വിശാഖ് നായർ

September 15, 2022

കോളജ് വിദ്യാർത്ഥികളുടെ സ്നേഹവും സൗഹൃദവും പറഞ്ഞുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ആനന്ദം. ഒരു കൂട്ടം യുവതാരങ്ങളുമായി ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച സ്വീകാര്യതയും നേടിയിരുന്നു. സിനിമയിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ നടനാണ് വിശാഖ് നായർ. ചുരുക്കം ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളെങ്കിലും മലയാളികൾക്ക് സുപരിചിതനാണ് താരം.

ഇപ്പോഴിതാ, കങ്കണ റണൗത്തിനൊപ്പം ‘എമർജൻസി’ എന്ന സിനിമയിൽ വേഷമിടുകയാണ് നടൻ. ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായാണ് വിശാഖ് എത്തുന്നത്.ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തേ കഥ പറയുന്ന ചിത്രത്തിൽ വേഷമിടുന്ന സന്തോഷം വിശാഖ് പങ്കുവയ്ക്കുന്നു. ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട് എന്നാണ് വിശാഖ് കുറിക്കുന്നത്.

കങ്കണ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമർജൻസി. അതേസമയം ആനന്ദം എന്ന ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വിശാഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നി ചിത്രങ്ങളിലും അഭിയിച്ച വിശാഖ് അവസാനമായി അഭിനയിച്ചത് പ്രണവ് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലാണ്. ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്.

 ഗണേശ് രാജ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിശാഖ് നായർ അഭിനയിച്ച ആനന്ദം. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ. അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോളജ് കാലഘട്ടത്തിന്റെ മനോഹാരിത പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights- visakh nair shares his character poster from emergency