“കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

October 29, 2022

ഇന്നലെയാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ റിലീസ് ചെയ്‌തത്‌. വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിക്കുകയാണ് ചിത്രം. ആദ്യ ദിനം ചിത്രം കണ്ട പ്രേക്ഷകർ നൽകിയ മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകൾ ഇപ്പോൾ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ എഴുത്തുകാരൻ ബെന്യാമിൻ ചിത്രത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. “ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ”- ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

ദർശന അവതരിപ്പിക്കുന്ന ജയ വിവാഹശേഷവും പഠിക്കണമെന്നും ജോലിക്ക് പോകണമെന്നും ആഗ്രഹിക്കുന്ന ആളാണ്. പിന്നീട് ബേസിലിന്റെ കഥാപാത്രവുമായുള്ള വിവാഹശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ജ്യോതിക മലയാളത്തിൽ; മമ്മൂട്ടിയുടെ ‘കാതൽ’ സെറ്റിൽ ജോയിൻ ചെയ്‌തു

ജാൻ-എ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഗോകുൽ സുരേഷ് നായകനായ മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായകൻ. അതേ സമയം കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഫാമിലി എൻ്റർടെയ്നർ ആയിരുന്നു ജാൻ-എ-മൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

Story Highlights: Benyamin praise for jaya jaya jaya jaya he