“കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മോൺസ്റ്ററിലേത്..”; മോഹൻലാൽ ചിത്രത്തെ പറ്റി ഹണി റോസ്
നൂറ് കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമായ പുലിമുരുകൻ ടീം വീണ്ടുമെത്തുമ്പോൾ വലിയ ആവേശത്തിലാണ് പ്രേക്ഷകർ. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് നടി ഹണി റോസ്. മോൺസ്റ്ററിലെ ബാമിനി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് പറയുകയാണ് താരം. “മോൺസ്റ്റർ ഈ വരുന്ന 21-ാം തീയതി റിലീസ് ചെയ്യുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായ സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർമാണം. അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം” ഹണി റോസ് പറഞ്ഞു.
Read More: പുത്തൻ ചുവടുമാറ്റം- വേറിട്ട ലുക്കിൽ അനുപമ പരമേശ്വരൻ
നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരുന്നു. നിഗൂഡതയുണർത്തുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിനുള്ളതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. വ്യത്യസ്തമായ ഗെറ്റപ്പുള്ള ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിച്ചത്.
Story Highlights: Honey rose about monster movie






