“ഒരു സമ്പൂർണ്ണ ക്ലാസിക്..”; കോലിയുടെ ഇന്നിംഗ്‌സിനെ വാനോളം പുകഴ്ത്തി മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ അടക്കമുള്ള താരങ്ങൾ

October 23, 2022

ഇന്നത്തെ ദിവസം കായിക ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ഒരുപക്ഷെ ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഒരു മത്സരമായിരുന്നു ഇന്ന് ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നടന്നത്. വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. പാകിസ്ഥാനെതിരെ 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്.

ഇപ്പോൾ കോലിക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകവും. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളൊക്ക ടീം ഇന്ത്യയേയും കോലിയേയും പ്രശംസിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ‘ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ’- കോലിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നായകൻ രോഹിത് ശർമ്മ വിരാട് കോലിയെ എടുത്ത് പൊക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് മോഹൻലാൽ കുറിപ്പ് പങ്കുവെച്ചത്.

“എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് ദുൽഖർ കുറിച്ചപ്പോൾ ‘കിംഗ് കോലി’ എന്ന് കുറിച്ച് കൊണ്ടാണ് നടൻ പൃഥ്വിരാജ് തന്റെ സന്തോഷം പങ്കുവെച്ചത്.

Read More: ദേശീയ ഗാനം ആലപിച്ച് വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ-വിഡിയോ

ഈ വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാലിന്ന് കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറിയിരിക്കുകയാണ് താരം. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.

Story Highlights: Malayalam actors praise for kohli