“പ്രതിഭയും പ്രതിഭാസവും, അവരിതാ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി സൂചന നൽകി നിർമ്മാതാക്കൾ

October 23, 2022

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരേ പോലെ വലിയ പ്രതീക്ഷയോടെയാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ പറ്റി ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള ഒരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആവും ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രമാണിത്. കഴിഞ്ഞ ജൂണിൽ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‌തത് മോഹൻലാൽ തന്നെയായിരുന്നു.

ഇരുവശത്തേക്കും പിരിച്ചു വെച്ച ഒരു കൊമ്പൻ മീശയും ഒരു ബാഗുമാണ് നിർമ്മാതാക്കൾ പങ്കുവെച്ച പോസ്റ്ററിലുള്ളത്. ആരുടെ ചിത്രമാണെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് വരാൻ പോവുന്നതെന്ന് ഇതിലും വലിയ എന്ത് സൂചനയാണ് വേണ്ടതെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

“പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. John and Mary Creative ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം.നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു..ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം.”- പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Read More: ഇത് ഡബിൾ മോഹനൻ..- ‘വിലായത്ത് ബുദ്ധ’യിലെ പൃഥ്വിരാജിനെ ലുക്ക് എത്തി

Story Highlights: Mohanlal and lijo jose pellissery movie update