മോഹൻലാലിൻറെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു; ഫിഫ ലോകകപ്പ് ആരാധകർക്കുള്ള സർപ്രൈസ്

October 25, 2022

ഫിഫ ലോകകപ്പ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. നാല് വർഷത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ കായിക മാമാങ്കത്തിന് വീണ്ടും അരങ്ങൊരുങ്ങുകയാണ്. ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. നവംബർ 20 ന് തുടങ്ങുന്ന ലോകകപ്പിന്റെ ഫൈനൽ ഡിസംബർ 18 നാണ്. കേരളത്തിലും ആരാധകർ വലിയ ആവേശത്തിലാണ്.

ഇപ്പോൾ ഫിഫ ലോകകപ്പ് ആരാധകർക്ക് നടൻ മോഹൻലാലിന്റെ വക ഒരു വലിയ സർപ്രൈസ് ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആൽബത്തിൽ ഒട്ടേറെ സർപ്രൈസുകൾ മോഹൻലാൽ ഒരുക്കിയിട്ടുണ്ടെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

അതേ സമയം മോഹൻലാൽ ചിത്രം മോൺസ്റ്ററിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read More: ‘അദ്ദേഹം അഭിനേതാവായിരുന്നില്ലങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’- മോഹൻലാലിനെകുറിച്ച് ഷെഫ് പിള്ള

മോഹൻലാലിനൊപ്പം ഹണി റോസ്, ലക്ഷ്‍മി മഞ്ജു, സുദേവ് നായർ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്. നേരത്തെ മോൺസ്റ്റർ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തനിക്ക് നൽകിയതെന്ന് നടി ഹണി റോസ് പറഞ്ഞിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്.

Story Highlights: Music album of mohanlal is releasing soon