“തെറ്റ് പറ്റിയതാണ്, ഇത് എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ..”; ജയസൂര്യയുടെ ഈശോയെ പ്രശംസിച്ച് പി.സി ജോർജ്
ഒരുപാട് വിവാദങ്ങളിലൂടെ കടന്ന് പോയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഈശോ.’ നാദിർഷായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് സംബന്ധിച്ച് ഏറെ ചർച്ചകളും വിവാദങ്ങളും അരങ്ങേറിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവും മുൻ എം എൽ എയുമായ പി.സി ജോർജ് അടക്കമുള്ളവർ ചിത്രത്തിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
എന്നാൽ തനിക്ക് തെറ്റ് പറ്റിയതാണെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് പി.സി ജോർജ്. സിനിമ വളരെയധികം ഇഷ്ടമായെന്നും എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ പറയുന്നുണ്ട്.”- പി.സി ജോർജ് പറഞ്ഞു. നാദിർഷാ തന്നെയാണ് ഈ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഈശോ ഇപ്പോൾ സോണി ലിവിലൂടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യ ആണ്. പൊതുവെ കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ നാദിർഷ ഇത്തവണ ഒരു ത്രില്ലർ എടുക്കുന്നതിനാൽ ആരാധകരും തുടക്കം മുതൽ വലിയ ആവേശത്തിലായിരുന്നു.
Read More: മിന്നൽ മുരളിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം; പിന്തള്ളിയത് 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെ
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലർ മികച്ച സ്വീകാര്യത നേടിയിരുന്നു. യേശുവിൽ നിന്ന് ചില പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിഗൂഢ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നതെന്ന് ഈശോയുടെ ട്രെയ്ലർ വ്യക്തമാക്കിയിരുന്നു. ജാഫർ ഇടുക്കിയുടെ സെക്യൂരിറ്റി ഗാർഡ് കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിൽ നിന്നാണ് മുഴുവൻ കഥയും വികസിക്കുന്നത്.
Story Highlights: P.c george says he liked eesho movie