വിക്രത്തിന് ശബ്ദം നൽകിയത് ‘റോക്കി ഭായ്’, ജയം രവിക്ക് കൈലാഷ്; പൊന്നിയിൻ സെൽവനിലെ മലയാള ശബ്ദങ്ങൾ
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായി മണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ മാറുമ്പോൾ മലയാളികളും അഭിമാനിക്കുകയാണ്. പ്രശസ്ത മലയാള നടന്മാരടക്കം നിരവധി ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചിത്രത്തിന്റെ മലയാള പതിപ്പിന് ശബ്ദം നൽകിയിരുന്നു. പൊന്നിയിൻ സെൽവന്റെ മലയാള പതിപ്പും മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിക്കൊണ്ടിരിക്കുന്നത്.
കെജിഎഫിലെ നായക കഥാപാത്രമായ റോക്കി ഭായിക്ക് ശബ്ദം നൽകിയ അരുൺ സി.എം ആണ് വിക്രം അവതരിപ്പിച്ച ആദിത്യ കാരികാലന് ശബ്ദം നൽകിയിരിക്കുന്നത്. സിനിമ താരം കൈലാഷ് ജയം രവിക്ക് ശബ്ദം നൽകിയപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായ അജിത്ത് കുമാറാണ് കാർത്തിക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.
പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റായ ദേവിയാണ് ഐശ്വര്യ റായിയുടെ നന്ദിനിക്ക് മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ റിയ സൈറ തൃഷയ്ക്കും നടൻ ദിനേശ് പ്രഭാകർ വിക്രം പ്രഭുവിനും ചിത്രത്തിൽ ശബ്ദം നൽകിയിട്ടുണ്ട്. അതേ സമയം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചിരിക്കുന്ന മലയാളി താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആൻറണി, റഹ്മാൻ തുടങ്ങിയവരൊക്കെ സ്വന്തം ശബ്ദത്തിലാണ് മലയാളത്തിലും ഡബ്ബ് ചെയ്തിരിക്കുന്നത്.
Read More: ‘അമിതാഭ് ബച്ചൻ, രാജ്യം മുഴുവൻ വികാരങ്ങളുടെ ഗാംഭീര്യം ഉണർത്തുന്ന പേര്’- പിറന്നാൾ ആശംസിച്ച് മോഹൻലാൽ
അതേ സമയം ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സോഫീസ് കളക്ഷനിലും ചിത്രം ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു.ആദ്യ വാരം തമിഴ് നാട്ടിൽ ഏറ്റവുമധികം കളക്ഷന് നേടിയ തമിഴ് ചിത്രം ആയി പൊന്നിയിൻ സെൽവൻ മാറിയിരുന്നു.
Story Highlights: Ponniyin selvan malayalam version dubbing artists