ഇത് വരദരാജ മന്നാര്‍; പൃഥ്വിരാജിന് പിറന്നാളാശംസകളുമായി സലാർ ടീം, താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു
നടൻ പൃഥ്വിരാജ് സുകുമാരന്റെ നാൽപതാം പിറന്നാളാണിന്ന്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരാനിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്കും റിലീസ് ചെയ്തു കൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
അതിലേറ്റവും ശ്രദ്ധേയമാവുന്നത് പ്രഭാസിന്റെ സലാർ ടീമിന്റെ ആശംസയാണ്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് കൊണ്ടാണ് സലാറിന്റെ അണിയറ പ്രവർത്തകർ താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിനെ കാണാൻ കഴിയുന്നത്.
അതേ സമയം സലാറിന്റെ റിലീസ് തീയതി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. 2023 സെപ്റ്റംബർ 28 ന് ലോകത്താകമാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഹൊംബാലെ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചത്. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു.
Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു
സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും സലാറിന്റെ ചിത്രീകരണം നടക്കുന്നത്.
Story Highlights: Salaar team released first look of prithviraj