“ആ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്..”; നിഗൂഡതയുണർത്തി വിചിത്രത്തിന്റെ ട്രെയ്ലർ എത്തി

വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഷൈൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളൊക്കെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. തഴക്കം വന്ന അഭിനയത്തിലൂടെ മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന നടനായി ഷൈൻ മാറിക്കഴിഞ്ഞു.
ഇപ്പോൾ ഷൈൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വിചിത്രം’ എന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും നേരത്തെ തന്നെ ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയ്ലർ സൂചന നൽകുന്നുണ്ട്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Read More: മമ്മൂട്ടിയുടെ കൂൾ കാർ ഡ്രിഫ്റ്റിംഗ്- വിഡിയോ
അതേ സമയം സൂപ്പർ ഹിറ്റായ തല്ലുമാലയിലെ കഥാപാത്രത്തിന് ഷൈൻ ടോം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് ‘തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിച്ചിരുന്നു.
Story Highlights: Vichithram trailer