സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ; ‘യശോദ’ ട്രെയ്‌ലർ

October 27, 2022

തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത. ‘കാത്തുവാക്കുളെ രണ്ടു കാതൽ’ എന്ന തമിഴ് ചിത്രത്തിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. അതിന് പിന്നാലെയാണ് താരം തന്റെ അടുത്ത ചിത്രമായ ‘യശോദ’യിൽ അഭിനയിക്കുന്നത്. ഹരിയും ഹരീഷും ചേർന്ന് സംവിധാനം ചെയ്ത ‘യശോദ’ സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ ഒന്നാണ്. കൂടാതെ ചിത്രം ഇന്ത്യയിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നു. ഇപ്പോഴിതാ, സിനിമയുടെ ട്രെയ്‌ലർ എത്തി.

സാമന്ത, വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായ ചിത്രം നവംബർ 11 ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ട്രെയ്‌ലർ കൂടുതൽ ആവേശം പകരുകയാണ്.

വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന അമ്മമാരെ പരിപാലിക്കുകയും നല്ല കുടുംബവും വീടും കണ്ടെത്താൻ ശിശുക്കളെ സഹായിക്കുകയും ചെയ്യുന്ന ഒരു ആരോഗ്യ സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് കഥ. എന്നാൽ ആരോഗ്യ സ്ഥാപനം തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പല യുവതികളും താമസിയാതെ രോഗബാധിതരാകുന്നുവെന്നും ഉടൻ തന്നെ കണ്ടെത്തി. എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന രക്ഷകയുടെ വേഷമാണ് സാമന്ത അവതരിപ്പിക്കുന്നത്.

Read Also: “എന്റെ മാലാഖക്കുട്ടി..”; തന്റെ മകൾ കോലിയുടെ ഷോട്ട് അനുകരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ശ്രീശാന്ത്

തമിഴ് ട്രെയിലർ സൂര്യ പുറത്തിറക്കിയപ്പോൾ മലയാളം ദുൽഖർ സൽമാനും കന്നഡയിൽ രക്ഷിത് ഷെട്ടിയും തെലുങ്ക് ട്രെയിലർ വിജയ് ദേവരകൊണ്ടയും പുറത്തിറക്കി. ‘യശോദ’യുടെ ഹിന്ദി ട്രെയിലർ വരുൺ ധവാൻ പുറത്തുവിട്ടു.ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ സാമന്ത അവതരിപ്പിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളാണുള്ളത്.

Story highlights- yashoda trailer