‘കൈതി’ ഇനി ഹിന്ദിയിൽ; അജയ് ദേവ്ഗൺ ചിത്രത്തിന്റെ ടീസറെത്തി

2019 ലെ ഏറ്റവും വലിയ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കൈതി.’ കാർത്തി നായകനായെത്തിയ ചിത്രം ഹിറ്റായതിന് ശേഷമാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ കൂടുതൽ പ്രശസ്തനാവുന്നത്. മലയാളി താരം നരേനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.
ഇപ്പോൾ കൈതിയുടെ ഹിന്ദി റീമേക്കിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ‘ഭോലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗണാണ്. താരം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ നടി അമല പോളിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ഭോലായിൽ തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 30 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.
‘ദൃശ്യം 2’ വാണ് അവസാനമായി പ്രദർശനത്തിനെത്തിയ അജയ് ദേവ്ഗൺ ചിത്രം. നവംബർ 18 ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ വലിയ ശ്രദ്ധ നേടിയിരുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ട്രെയ്ലർ സൂചന നൽകിയിരുന്നു. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Read More: മലയാളികളുടെ സ്വന്തം ‘ബേബി ശാലിനി’ നാല്പത്തിമൂന്നാം വയസിലേക്ക്- ആഘോഷമാക്കി അജിത്ത്
അതേ സമയം ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ആദ്യ ഭാഗം വലിയ ഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറിയിരുന്നു.
Story Highlights: Bhola teaser released