‘തെലുങ്ക് ദേശത്തു നിന്നൊരു കോൾ വരുമെന്ന് വിദൂര സ്വപ്നങ്ങളിൽ പോലും വിചാരിച്ചില്ല’- ചന്തുനാഥ്‌

November 14, 2022

പതിനെട്ടാംപടിയിലെ ജോയ് സാറിനെ ആരും മറക്കാനിടയില്ല. കാരണം, ആദ്യ സിനിമയിൽ തന്നെ തന്റേതായ ഇടം അടയാളയപ്പെടുത്താൻ ചന്തുനാഥ്‌ എന്ന അഭിനേതാവിന് ജോയ് സാർ എന്ന കഥാപാത്രത്തിലൂടെ സാധിച്ചു. ഒട്ടേറെ സിനിമകളിൽ വേഷമിട്ടെങ്കിലും തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തെയും അത്രയധികം സ്നേഹത്തോടെയാണ് ചന്തുനാഥ്‌ ചേർത്തുനിർത്താറുള്ളത്. ഇപ്പോഴിതാ, മലയാളത്തിൽ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചന്തുനാഥിനെത്തേടി തെലുങ്കിൽ നിന്നും അവസരമെത്തിയിരിക്കുകയാണ്. ആദ്യ തെലുങ്ക് സിനിമയുടെ വിശേഷം പങ്കുവയ്ക്കുകയാണ് താരം.

‘അഭിനയവും,സിനിമയും ഓരോ കോശത്തിലും സ്വപ്നമായി കൊണ്ട് നടന്ന കാലത്തു പോലും മലയാളം വിട്ടൊരു മേഖല ഞാൻ സ്വപ്നം കണ്ടിട്ടുണ്ടായിരുന്നില്ല. തമിഴ് സിനിമയുടെ കാൻവാസ്‌ എപ്പഴോ ഭ്രമിപ്പിച്ചിട്ടുണ്ട് എങ്കിലും പരിമിധികളെ പറ്റിയുള്ള ബോധമോ മറ്റോ ആ സ്വപ്നത്തിനു തീവ്രത നൽകിയില്ല. (ആഗ്രഹം ഉണ്ടെന്നത് വെറേ കാര്യം).പക്ഷെ… 20 ഓളം മലയാള സിനിമകളിൽ അഭിനയിച്ച് 8 റിലീസുകൾ കഴിഞ്ഞു, അടുത്ത ഏതേലും മലയാള സിനിമയിലേക്കുള്ള ഒരു വിളി കാത്തിരിക്കുമ്പോൾ തെലുങ്ക് ദേശത്തു നിന്നൊരു കോൾ വരുമെന്ന് വിദൂര സ്വപ്നങ്ങളിൽ പോലും വിചാരിച്ചില്ല.അത്രയും അവിചാരിതമായിരുന്നു ആ വിളി.

ഭാഷ അറിയാത്തത് പ്രകടനത്തെ ബാധിക്കുമോ എന്ന ഭയം നല്ലോണം ഉണ്ടായിരുന്നെങ്കിലും, “language is just a medium,you are an awesome performer,we will manage the rest.you fly down soon” എന്ന് സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ ദിവസം സ്ക്രിപ്റ്റിലെ ഡയലോഗിന്റെ നീളം കണ്ട് പരിഭ്രമിച്ചു നിന്ന എന്നോട് ‘മഹി ഗാരു’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അസ്സോസിയേറ്റ് ഡയറക്ടർ മഹേഷ് സർ പറഞ്ഞത് ഊർജം തന്നു. സ്വാതിയും അച്ചുവും അഭിയും ജിബിൻ ചേട്ടനുമൊക്കെ ചേർന്ന് നേരത്തെ കിട്ടിയ ഡയലോഗ്സ് ഞാൻ കോണ്ടെക്സ്റ് മനസിലാക്കി കാണാതെ പഠിച്ചു എന്നുറപ്പ്‌ വരുത്തി..

ഒരു റിയൽ ലൈഫ് പീരിയഡ് സിനിമ യിലെ ശക്തനും വീരനുമായ കഥാപാത്രത്തിന്റെ ചട്ടക്കൂടിലേയ്ക് മാറാൻ ഉള്ള തയാറെടുപ്പിനൊടുവിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി തിരിച്ചു നാട്ടിൽ വന്നു. സംഘട്ടന രംഗങ്ങൾ തന്ന ബോഡി പെയിൻ മാറ്റാൻ നടുനിവർത്തി കണ്ണടച്ച് കിടന്നപ്പോൾ ഹൃദയം മുഴുവൻ ഷൂട്ടിംഗ് നടന്ന ആ ഗ്രാമവും സിനിമ പ്രവർത്തകരും കഥാപാത്രങ്ങളും നൽകിയ സ്നേഹവും ബഹുമാനവും കരുതലുമൊക്കെ ആയിരുന്നു . ഗാരു എന്നത് ഇംഗ്ലീഷിലെ സാർ എന്ന വാക്കിനോട് ചേർന്നു നിൽക്കുന്ന, എന്നാൽ ബഹുമാനത്തെ മാത്രമല്ല സ്നേഹത്തെയും സൂചിപ്പിക്കുന്ന വാക്കാണ് ..തെലുങ്ക് ഇൻഡസ്‌ട്രിയിൽ ജോലി ചെയ്യുന്നത് ഒരു മികച്ച അനുഭവമായിരുന്നു..വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ നൽകും.
അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുന്നു..’.

Read also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ

അധ്യാപകനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ ചന്തുനാഥാണ് ‘പതിനെട്ടാം പടി’യിലെ ജോയ് സാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചന്തു സിനിമയിലേക്ക് വരുന്നത്. പതിനെട്ടാം പടി’യില്‍ സഹസംവിധായകനായും നടനായും ഗ്രൂമിംഗ് കണ്‍ട്രോളറായുമൊക്കെ പ്രവര്‍ത്തിക്കാന്‍ ചന്തുനാഥിന് സാധിച്ചു. ആറു മാസത്തോളം എടുത്താണ് ജോയ് എന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങള്‍ ചന്തുനാഥ് നടത്തിയത്. കൊല്ലം സ്വദേശിയാണ് മാതാപിതാക്കളെങ്കിലും ചന്തുനാഥ് വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ഗായിക സ്വാതിയാണ് ഭാര്യ. നീലംശ് എന്ന മകനുണ്ട്.

Story highlights- chandundh about first telugu movie